Monday, 23 December 2024

യുകെ മലയാളി ക്യാൻവാസിൽ പകർത്തിയ കീത്തലിയിലെ ഫണ്ട് റെയിസിംഗ് ഹീറോ ക്യാപ്റ്റൻ ടോം മൂറിൻ്റെ ഛായാചിത്രം ഇനി മുതൽ എൻഎച്ച്എസ് ഗാലറിയിൽ

ഷിബു മാത്യൂ, യോർക്ക്ഷയർ

ആത്മധൈര്യം ഒട്ടും കൈവിടാതെ നൂറാം വയസ്സിൽ സ്വന്തം ഗാർഡനിൽ 100 ലാപ് നടന്ന് മുപ്പത്തിരണ്ട് മില്യൻ പൗണ്ട് സമാഹരിച്ച് NHS ന് നൽകിയ ക്യാപ്റ്റൻ ടോം മൂറിൻ്റെ ഛായാചിത്രം ക്യാൻവാസിൽ വരച്ച് മലയാളിയായ ഫെർണാണ്ടെസ് വർഗ്ഗീസ് NHSന് സമർപ്പിച്ചു. യുകെയിലെ യോർക്ഷയറിലെ പ്രമുഖ ഹോസ്പിറ്റലായ Airdale NHS ഹോസ്പിറ്റലിൻ്റെ ഗാലറിയിലാണ് ഫെർണാണ്ടെസ് വരച്ച ചിത്രം പ്രദർശിപ്പിച്ചിരിക്കുന്നത്. ഏയർഡേൽ ഹോസ്പിറ്റൽ ആൻ്റ് കമ്മ്യൂണിറ്റി ചാരിറ്റി ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ചിത്രത്തിന് രാജ്യത്തിൻ്റെ പല ഭാഗങ്ങളിൽ നിന്നും അഭിനന്ദന പ്രവാഹമാണിപ്പോൾ. ഇതേ ഹോസ്പിറ്റലിലെ സ്റ്റെറൈൽ സർവ്വീസസിലാണ് ഫെർണാണ്ടെസ് സേവനമനുഷ്ഠിക്കുന്നത്.

72 വയസ്സ് തികഞ്ഞ NHS ൻ്റെ ചരിത്രത്തിൽ ഏറ്റവും വെല്ലുവിളികൾ നിറഞ്ഞ വർഷമായിരുന്നു 2020. ലോകം കണ്ട ഏറ്റവും വലിയ മഹാമാരിയായ കോവിഡ് 19 നെ ചെറുത്തു തോല്പിക്കാൻ സ്വന്തം ജീവൻ പോലും പണയപ്പെടുത്തിയ NHS ജോലിക്കാർക്ക് പിൻതുണയുമായി കീത്തിലിക്കാരനായ 100 വയസ്സ് തികഞ്ഞ ക്യാപ്റ്റൻ ടോം മൂർ മുന്നോട്ടു വന്നത് NHS ജോലിക്കാർക്ക് വലിയ പ്രചോദനമേകിയിരുന്നു. ചാൾസ് രാജകുമാരൻ, ബോറിസ് ജോൺസൺ തുടങ്ങിയ രാജ്യത്തിൻ്റെ പ്രമുഖരും കോവിഡിനെ അതിജീവിച്ചതും NHS സ്റ്റാഫിൻ്റെ കർമ്മോത്മുഖമായ പരിചരണം കൊണ്ടു മാത്രമാണ്. യുകെയിലെ പ്രവാസി മലയാളികളിൽ ഭൂരിപക്ഷവും ആരോഗ്യമേഖലയിൽ NHS നോടൊപ്പമാണ് ജോലി ചെയ്യുന്നത്. ക്യാപ്റ്റൻ ടോം മൂർ NHS ന് വളരെ പ്രിയപ്പെട്ടതാണ്. ഫെർണാണ്ടെസ് വരച്ച ക്യാപ്റ്റൻ ടോം മൂറിൻ്റെ ചിത്രത്തിനെ വലിയ പരിഗണയോടെയാണ് NHS കാണുന്നത് എന്നത് ഇതിൻ്റെ സൂചനയാണ്.

രണ്ടടി ചതുരത്തിലുള്ള ക്യാൻവാസിൽ അക്രലിക് പെയിൻ്റിലാണ് ഫെർണാണ്ടെസ് ക്യാപ്റ്റൻ ടോം മൂറിൻ്റെ ചിത്രം വരച്ചിരിക്കുന്നത്. ഏകദേശം രണ്ടാഴ്ച സമയമെടുത്തു ചിത്രം പൂർത്തിയാക്കാൻ. ക്യാപ്റ്റൻ ടോം മൂർ തൻ്റെ നൂറാം വയസ്സിലും NHS ന് നൽകിയ പ്രചോദനത്തെ ചെറുതായി കാണുവാൻ സാധിക്കില്ല. അദ്ദേഹത്തോടുള്ള ബഹുമാന സൂചകമാണ് ഈ ചിത്രം വരയ്ക്കാൻ പ്രചോദനമായതെന്ന് ഫെർണാണ്ടെസ് പറഞ്ഞു.

കേരളത്തിൽ കോട്ടയം ജില്ലയിലെ തലയോലപ്പറമ്പാണ് ഫെർണ്ണാണ്ടെസിൻ്റെ ജന്മദേശം. സ്കൂൾ കോളേജ് കാലഘട്ടങ്ങളിൽ ചിത്രരചനയിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. യോർക്ഷയറിലെ കീത്തിലിയിൽ കുടുംബസമേതം താമസിക്കുന്ന ഫെർണാണ്ടെസ് കീത്തിലി മലയാളി അസ്സോസിയേഷനിലെ അംഗമാണ്. ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായ യുക്മയുടെ കലാമേളകളിലും നിരവധി നമ്മാനങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട്. നല്ലൊരു ഗായകനും കൂടിയായ ഫെർണാണ്ടെസ് യുകെയിലെ പ്രമുഖ ഗാനമേള ട്രൂപ്പായ സിംഫണി ഓർക്കസ്ട്രാ കീത്തിലിയുടെ സജ്ജീവ സാന്നിദ്ധ്യമാണ്.

 

Other News